തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിനൊപ്പം കൂട്ടിയ തുക നല്‍കുമെന്നും ധനവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ധന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
ക്ഷേമ പെഷനുകളുടെ പുതുക്കിയ നിരക്കുകളും നവംബര്‍മാസത്തില്‍ വിതരണം ചെയ്യുമെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഒരു മാസത്തെ കുടിശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നത്.
ഇതോടെ ഈ മാസം ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചു. 62 ലക്ഷം ആളുകളിലേക്കാണ് ഈ പെന്ഷന് തുകയെത്തുക.
2000 രൂപയാക്കി വര്‍ധിപ്പിച്ച ക്ഷേമപെന്ഷന് ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.